Monday, February 19, 2018

ഓര്‍‌മ്മയില്‍ നിറഞ്ഞ ദിവസം

സഹൃദയരുമായുള്ള സം‌ഭാഷണത്തില്‍ നിന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭരണ ഘടന നിഷ്‌പ്രയാസം ഉള്‍‌കൊള്ളാനാകുന്നില്ലെന്ന ധ്വനി കേള്‍‌ക്കാനിടയായി.കൃത്യമായ ഉദ്ധേശ ശുദ്ധിയോടെ മാനസികമായ നല്ല തയ്യാറെടുപ്പ്‌ വേണമെന്ന കാര്യത്തില്‍ സം‌ശയമില്ല.എന്നാല്‍ എളുപ്പമല്ല എന്ന പ്രയോഗം സത്യത്തില്‍ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി.ഒരു പക്ഷെ ഇതു സത്യമായിരിക്കുമോ എന്നായി പിന്നത്തെ സം‌ശയം.ഞാനും മക്കളും കൂടെ വായിക്കുകയും പരസ്‌പരം ചര്‍‌ച്ച ചെയ്യുകയും ചെയ്‌തു.എളുപ്പമില്ലായ്‌മ എന്ന നിഷേധാത്മക വാദത്തിലെ പൊള്ളത്തരങ്ങളും ഖണ്ഡിക്കപ്പെട്ടു. എനിക്കാണെങ്കില്‍ ആദര്‍‌ശ വാക്യത്തിന്റെ വിവരണവും വിശദീകരണവും അക്കമിട്ട്‌ പഠിക്കേണ്ടതും ഉണ്ടായിരുന്നു.

ചുരുക്കത്തില്‍ ഞാനും മക്കളും ഈവിഷയം വളരെ ഗൗരവത്തില്‍ പഠനവിധേയമാക്കി.അവധി കഴിഞ്ഞ്‌ ഖത്തറിലെത്തിയപ്പോള്‍ ഖത്തറിലെ പ്രസ്ഥാനഘടനയുടെ പുതിയ ടേമിന്റെ തുടക്കം.ഏതായാലും പ്രസ്ഥാന പഠനം എന്ന തലക്കെട്ടില്‍ ഒരു പരമ്പര യൂണിറ്റില്‍ തുടങ്ങി വെക്കണം എന്നാശിച്ചു.പുതിയ ടേമിലെ രണ്ടാമത്തെ യൂണിറ്റ് യോഗത്തിനു ശേഷം  പ്രസിഡണ്ട്‌  അടുത്ത്‌ വന്നു പറയുന്നു.'അടുത്ത യോഗം മുതല്‍ താങ്കളുടെ പ്രസ്ഥാന പഠനം എന്ന പരിപാടി നമുക്ക്‌ യൂണിറ്റില്‍ അജണ്ടയാക്കണം'എന്റെ മനസ്സ്‌ ഇദ്ധേഹം വായിച്ചുവോ ? എന്നു പോലും സം‌ശയം ജനിച്ചു.

പുതിയ രൂപ ഭാവത്തോടെയുള്ള പ്രാസ്ഥാനിക ചിട്ടവട്ടങ്ങള്‍ ഉള്‍‌ക്കൊണ്ടപ്പോള്‍ ദോഹ സോണ്‍ പരിധിയിലാണ്‌ ദോജ ജദീദ്‌ യൂണിറ്റ് ഉള്‍‌പെടുന്നത്.പുതിയ ടേമിലെ സര്‍‌ഗാത്മകതയും രചനാത്മകതയും ഒക്കെ ഇഴ പിരിഞ്ഞ പാഠ്യ പാഠേതര അജണ്ടയിലും പ്രസ്ഥാന പഠനം സ്ഥലം പിടിച്ചിരിക്കുന്നു.ദോഹ ജദീദില്‍ അക്ഷരാര്‍‌ഥത്തില്‍ ഇവ്വിഷയം തുടങ്ങിക്കഴിഞ്ഞിരുന്നു.സോണ്‍ അജണ്ടയനുസരിച്ച് മൂന്നാമത്തെ ആഴ്‌ച പൂര്‍‌ണ്ണമായും ദൈവിക ദര്‍‌ശനത്തിലേയ്‌ക്ക്‌ എന്ന വിഷയം നിര്‍‌ദേശിക്കപ്പെട്ടു.വിഷയം അവതരിപ്പിക്കാന്‍ സോണ്‍ തന്നെ പ്രഭാഷകരെ നിയോഗിക്കും എന്നും അറിയിപ്പ്‌ വന്നു.

തിങ്കളാഴ്‌ച സി.ഐ.സി വൈസ്‌ പ്രസിഡണ്ട്‌ കെ.ടി അബ്‌ദുല്ല സാഹിബിന്റെ ഒരു റിങ്.പരസ്‌പരം അഭിവാദ്യങ്ങള്‍ മൊഴിഞ്ഞു.ഈയുള്ളവന്റെ ആരോഗ്യ നില സുഖകരമല്ലെന്ന്‌ ശബ്‌ദത്തില്‍ നിന്നും ഊഹിച്ചെടുത്ത കെ.ടി മറ്റൊരിക്കല്‍ വിളിക്കാമെന്ന്‌ പറയുകയായിരുന്നു.എന്നാല്‍ എന്തുകൊണ്ടോ പറയാനുള്ള കാര്യം പറയണമെന്ന നിര്‍‌ബന്ധത്തിന്‌ അദ്ധേഹം വഴങ്ങി.

സോണ്‍ തെരഞ്ഞെടുത്ത അല്ലെങ്കില്‍ കണ്ടെത്തിയ വിഷയാവതാരകരുടെ കൂട്ടത്തില്‍ ഈയുള്ളവനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ.പൂര്‍‌ണ്ണ മനസ്സോടെ സമ്മദം കൊടുത്തു.രണ്ട്‌ നാള്‍‌ക്ക്‌ ശേഷവും പ്രത്യേക നിര്‍‌ദേശമൊന്നും കാണാതെ വന്നപ്പോള്‍ തദ്‌ വിഷയവുമായി ബന്ധപ്പെട്ട ചില സൂചികകള്‍ ദോഹ സോണ്‍ വൈസ്‌ പ്രസിഡണ്ട്‌ കെ.ടി സാഹിബിന്‌ അയച്ചു കൊടുത്തു.പ്രൗഢമായ ഒരു പ്രഭാഷണത്തിനുള്ള വകയുണ്ട്‌ എന്ന സന്തോഷ വര്‍ത്തമാനം മറുപടിയായി ലഭിച്ചു.ഒപ്പം വിഷയാവതരണത്തിന്‌ പൂര്‍‌ണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട്‌ തന്നെ മറ്റൊരു സുചികയും അയച്ചു തന്നു.ഹിലാല്‍ യൂണിറ്റിലാണ്‌ ദൗത്യം എന്ന അറിയിപ്പും കിട്ടി.ഫിബ്രുവരി 18 കാലത്ത് ഹിലാല്‍ പ്രസിഡണ്ട്‌ നബീല്‍ സാഹിബ്‌ വിളിച്ച്‌ ഓര്‍‌മ്മപ്പെടുത്തുകയും ചെയ്‌തു.

അവിടെ ചെന്നപ്പോള്‍ പരിചിതങ്ങളായ മുഖങ്ങള്‍ പലതും ഉണ്ടായിരുന്നു.അപരിചിതങ്ങളായ മുഖങ്ങളും.പഠന ശിബിരം തുടങ്ങാനുള്ള ഒരുക്കത്തില്‍ നില്‍ക്കുമ്പോള്‍ അതാ സാക്ഷാല്‍ വൈസ്‌ പ്രസിഡണ്ട് കടന്നു വരുന്നു.'തമ്പുരാനേ ബാഗ്‌ദാദിലേയ്‌ക്കായിരുന്നോ ഈത്തപ്പഴം കയറ്റാനെത്തിയതെന്നൊരു തോന്നല്‍ മിന്നിമറഞ്ഞു.' 

എല്ലാ അര്‍‌ഥത്തിലും ഉയര്‍‌ന്ന വ്യക്തിത്വങ്ങള്‍,പ്രസ്ഥാനത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരും പ്രമുഖരും പണ്ഡിതരും ഒക്കെയുള്ള സദസ്സ്‌.ഇരുപതു മിനിറ്റായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.20 മിനിറ്റ്‌ കഴിഞ്ഞപ്പോഴും വിഷയം തീരുന്നില്ലായിരുന്നു.ഒടുവില്‍ ചില ഭാഗങ്ങള്‍ സവിസ്‌തരം വിശദീകരിക്കാതെ 8 മിനിറ്റു കൂടെ അധികം എടുത്ത് വിഷയം അവതരിപ്പിച്ചു തീര്‍‌ത്തു.ജീവിതത്തിലെ മറക്കാനാകാത്ത ഒരു ദിവസമായി ഈ ദിവസം തുന്നിച്ചേര്‍‌ക്കപ്പെട്ടിരിക്കുന്നു. 

ചര്‍‌ച്ചയും കുശലാന്വേഷണങ്ങളും കഥയും കവിതയും ചുടു ചായയും ഒപ്പം ചില നാട്ടു വര്‍‌ത്തമാനങ്ങളും എല്ലാം പങ്കിട്ട്‌ പരിപാടിയിലെ ഇതര അജണ്ടകള്‍‌ക്കും സാക്ഷിയായി സന്തോഷമായി ആലിം‌ഗബദ്ധരായി യാത്ര പറഞ്ഞിറങ്ങി.

താമസ സ്ഥലത്തെത്തി മറ്റെല്ല ചര്യകളും കഴിഞ്ഞ്‌ വിരിപ്പില്‍ കിടന്നു.നാഥാ നിന്റെ നാമത്തില്‍..... ഉറങ്ങും മുമ്പ്‌ എല്ലാം എല്ലാം ഒന്നോര്‍‌ത്തെടുത്തപ്പോള്‍ കണ്ണുകള്‍ സജലങ്ങളായിരുന്നു...